റിയാദ്: വിസിറ്റ് വിസയില്‍ സൗദി അറേബ്യയിലെത്തിയ മലയാളിക്ക് ബ്ലഡ് പ്രഷര്‍ ഉയര്‍ന്ന് സ്‌ട്രോക്ക് വന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ചികിത്സയ്ക്ക് അനുമതി നല്‍കിയില്ല. വന്‍തുക ആശുപത്രി ബില്ല് അടയ്ക്കാനാവാതെ പ്രതിസന്ധിയിലായപ്പോള്‍ സൗദി ഇന്‍ഷുറന്‍സ് അതോറിറ്റി ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ഷാജഹാനാണ് (57) സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിയുടെ ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയത്.
ആറ് മാസം മുമ്പാണ് ഷാജഹാന്‍ വിസിറ്റിങ് വിസയില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ എത്തിയത്. വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍ എടുത്താല്‍ രാജ്യത്തെ ഏത് ആശുപത്രിയിലും ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇക്കഴിഞ്ഞ മെയ് 30നാണ് സ്ട്രോക്കുണ്ടായി ഷാജഹാനെ ജുബൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ചികിത്സയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തു. എന്നാലും ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. ആശുപത്രി ചെലവിനുള്ള ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ക്ലെയിം ഡിപ്പാര്‍ട്ട്‌മെന്റ് വഴി അപേക്ഷിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി അപ്രൂവല്‍ നല്‍കാന്‍ തയ്യാറായില്ല.
സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അപേക്ഷ തള്ളി. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും ബില്ല് അടക്കാത്തത് ആശുപത്രിയില്‍നിന്നുള്ള വിടുതലിന് തടസ്സമായി. സാമൂഹിക പ്രവര്‍ത്തകര്‍ വഴി സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിക്ക് പരാതി നല്‍കി. പെരുന്നാള്‍ അവധി ദിവസമായിട്ടുപോലും അതോറിറ്റി അതിവേഗത്തില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചു. സ്വകാര്യ കമ്പനിയോട് അപേക്ഷ നിരസിക്കാനുള്ള കാരണം ചോദിക്കുകയും ചെയ്തു. മതിയായ കാരണം അവര്‍ക്ക് ബോധ്യപ്പെടുത്താനായില്ല. ഒടുവില്‍ അപേക്ഷ സ്വീകരിച്ച് അപ്രൂവല്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
