പാലക്കാട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ഹോട്ടലുകളില്‍ നിന്നും ബിരിയാണി വാങ്ങി തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍. കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമിനെയാണ് ഷൊര്‍ണൂര്‍ പൊലീസ് പിടികൂടിയത്. ചാരിറ്റിക്കെന്ന് പറഞ്ഞു ഹോട്ടലുകളില്‍ നിന്ന് കൂടിയ അളവില്‍ ബിരിയാണി വാങ്ങും. എന്നിട്ട് വലിയ വിലക്ക് വില്‍ക്കും. അങ്ങനെയായിരുന്നു ഷഹീര്‍കരീമിന്റെ തട്ടിപ്പു രീതി.
കഴിഞ്ഞ ദിവസമാണ് പ്രതി ഷൊര്‍ണൂരിലെ ഒരു കടയില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തകള്‍ക്ക് എന്ന പേരില്‍ 350 പൊതി ബിരിയാണി വാങ്ങുകയും ഇതിന്റെ 44,000 രൂപ അടുത്ത ദിവസം നല്‍കാം എന്ന് സ്ഥാപന ഉടമയോട് പറഞ്ഞ് കടന്നുകളഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായപ്പോള്‍ കടയുടമ ഷൊര്‍ണൂര്‍ പൊലീസ് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പല സ്ഥലങ്ങളിലും സമാന തട്ടിപ്പ് നടത്തിയിരുന്നെന്നും കണ്ടെത്തി. ചാലിശേരിയിലെ ഒരു ഹോട്ടലുടമയില്‍ നിന്ന് 36,000 രൂപയുടെ ബിരിയാണി വാങ്ങി കടന്നു കളഞ്ഞതായും തുടര്‍ന്ന് നാട്ടുകാര്‍ പിടി കൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗങ്ങളിലെ ഹോട്ടലുകളിലും ഇയാള്‍ ഇതേപോലെ ബിരിയാണി തട്ടിപ്പ് നടത്തിയിട്ടുണ്ട്.
അസുഖമായി കിടക്കുന്നവര്‍ക്ക് ചികിത്സ സഹായം, നിര്‍ധനരായവര്‍ക്ക് വീട് വച്ച് നല്‍കല്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ബിരിയാണി തട്ടിപ്പ് നടത്തിയത്. 140 രൂപയ്ക്ക് കടയില്‍ നിന്നും വാങ്ങുന്ന ബിരിയാണി ഇയാള്‍ 250 രൂപയ്ക്ക് മറിച്ചു നല്‍കും. ഇങ്ങനെ തട്ടിപ്പു നടത്തി പതിനായിരങ്ങള്‍ നേടി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
