ദോഹ: ഖത്തറിന്റെ ഗസ മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ഇസ്രയേല്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെ തള്ളി ഖത്തര്‍. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഖത്തര്‍ ഗേറ്റ് എന്ന പേരില്‍ പ്രചരണം നടക്കുന്നത്. ഇത് ഇസ്രയേല്‍ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി ഹകാന്‍ ഫിദാനൊപ്പം അമീരി ദിവാന്‍ ഓഫീസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖത്തര്‍ ഗേറ്റ് ആരോപണം. രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തുന്ന മാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്. . ഗസ വിഷയത്തില്‍ തുടക്കം മുതല്‍ ഈജിപ്തുമായി ചേര്‍ന്ന് ഖത്തര്‍ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്.
നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മധ്യസ്ഥ ശ്രമങ്ങളിലൂടെ സാധിച്ചുവെന്നത് നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ മറന്നുപോയി. സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തറിന്റെ പരിശ്രമമെന്നും യുദ്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഖത്തര്‍ ശ്രമിക്കില്ലെന്നും എത്ര ആരോപണങ്ങളുയര്‍ന്നാലും ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ സര്‍വകലാശാലകളിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഖത്തറാണെന്ന യു.എസ് രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളെയും ഖത്തര്‍ പ്രധാനമന്ത്രി തള്ളി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
