ദോഹ: ഖത്തറിലെ അക്ഷര നഗരി അസോസിയേഷനും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആരോഗ്യ പരിശോധാ ക്യാമ്പ് ശ്രദ്ധേയമായി. ഏപ്രില്‍ 25,വെള്ളിയാഴ്ച രാവിലെ 7.00 മുതല്‍ 11.00 വരെ സി റിംഗ് റോഡിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്ഷര നഗരി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് വന്നല അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് മാനേജിങ് കമ്മിറ്റി മെമ്പര്‍ ഖാജ നിസാമുദ്ധിന്‍ ആശംസ അറിയിച്ചു. ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ മാനേജര്‍ സജിത്ത് പിള്ള യോഗത്തില്‍ സംബന്ധിച്ചു. അസോസിയേഷന്റെ ഉപഹാരം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മെഡിക്കല്‍ സെന്റര്‍ സീനിയര്‍ മാനേജര്‍ സജിത്ത് പിള്ളയ്ക്ക് കൈമാറി.
സംഘടനയോടുള്ള നിസ്തുല സേവനത്തിന് മാനേജിങ് കമ്മിറ്റി അംഗം ജോബി തോമസിനെയും ബിബിന്‍ മാത്യുവിനെയും യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ബിബിന്‍ മാത്യു, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സസ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരോടുള്ള നന്ദിയും സംഘടന അറിയിച്ചു. പ്രവാസികള്‍ക്കായി എല്ലാ വര്‍ഷവും അസോസിയേഷന്‍ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
