ദോഹ: ഖത്തറിലേക്ക് വരുമ്പോള്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ കറന്‍സി, സ്വര്‍ണം എന്നിവ കൈവശമുണ്ടെങ്കില്‍ നിര്‍ബന്ധമായും അധികൃതരെ റിപ്പോര്‍ട്ട് ചെയ്യണം. വലിയ തുകയുടെ കറന്‍സികള്‍, സ്വര്‍ണം, മറ്റ് വിലപിടിപ്പുള്ള രേഖകള്‍ എന്നിവ രാജ്യത്തേക്കുള്ള യാത്രയിലോ രാജ്യത്ത് നിന്ന് പുറത്തുപോകുമ്പോഴോ കയ്യില്‍ കരുതുന്ന യാത്രക്കാര്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഖത്തര്‍ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
50,000 റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള കറന്‍സികള്‍, മൂല്യമേറിയ സ്വര്‍ണം, വജ്രം, വെള്ളി, പ്ലാറ്റിനം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, സാമ്പത്തിക ഇടപാടുകള്‍ക്കുള്ള രേഖകള്‍, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ കൈവശം വെയ്ക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രാജ്യത്ത് അനുവദിച്ചിട്ടുള്ള നിശ്ചിത തുകയില്‍ കൂടുതല്‍ സൂക്ഷിക്കുന്നവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണമെന്നും കസ്റ്റംസ് അറിയിച്ചു.
വിമാനത്താവളത്തിലോ മറ്റ് കര/സമുദ്ര/ തുറമുഖ അതിര്‍ത്തികളിലോ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാം. നിയമപരമായി വസ്തുക്കളുടെ വിവരങ്ങള്‍ നല്‍കുന്നതാണ് നടപടിക്രമം. അധികൃതര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കിയിരിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ചുമത്തും. അല്ലെങ്കില്‍ ഡിക്ലറേഷന്‍ ഇല്ലാതെ പിടികൂടുന്ന വസ്തുക്കളുടെ മൂല്യത്തിന്റെ ഇരട്ടി തുകയും പിഴയായി ചുമത്തിയേക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
