കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ പ്രതിയായ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുൽ ഇസ്ലാം നൽകിയ ഹർജി പരിഗണിച്ച ഘട്ടത്തിലാണ് മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും സ്വഭാവ സർട്ടിഫിക്കറ്റും സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലായി. കേസില്‍ ഏക പ്രതിയായിരുന്നു അമീറുൽ ഇസ്ലാം. പ്രതി നടത്തിയ കുറ്റകൃത്യം അതിഭീകരവും അത്യപൂർവ്വവുമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
