മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) തട്ടിയെടുത്ത മലയാളി ജീവനക്കാരനെത്തേടി ഒമാനി പൗരൻ. 15 വർഷമായി ജീവനക്കാരനെ ഒമാൻ പൗരൻ അന്വേഷിക്കുകയാണ്. സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അന്വേഷണത്തിലും പുരോഗതിയില്ലാതായതോടെ ഡിജിപിയെ നേരിട്ട് കാണാൻ ശ്രമിക്കുകയാണ് മുഹമ്മദ് ഹമദ് ഗസ്സാലി എന്ന ഒമാൻ പൗരൻ.
ഒമാനിലെ മണി എക്സ്ചേഞ്ച് ഉടമയായിരുന്നു മുഹമ്മദ് ഹമദ് അൽ ഗസ്സാലി. 2009 ഫെബ്രുവരി മുതൽ ആഗസ്ത് വരെ വെറും 6 മാസക്കാലയളവിലായിരുന്നു സ്റ്റീവ് എന്ന മലയാളി ബ്രാഞ്ച് മാനേജരായിരുന്നത്. ഇടപാടിനായി വന്ന ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാൽ കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം രൂപ. അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം പോയതിന് ചുമതലയുണ്ടായിരുന്ന സ്റ്റീവിന് കൃത്യമായ മറുപടിയുണ്ടായില്ല. പൊലീസ് കേസായി, കോടതിയിലെത്തി, പക്ഷെ സ്റ്റീവിനെ കാണാതായി. 2012ൽ എറണാകുളത്തെത്തി സ്റ്റീവിനെ നേരിട്ട് കണ്ടെത്തി. പണം തിരികെ നൽകാമെന്ന് സമ്മതിച്ച്, നോട്ടറി ഒപ്പിട്ട് അന്നെഴുതിയ കരാറും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
കേസ് ഇന്‍റർപോൾ വരെയെത്തി. ക്രൈബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു. പണമിടപാടിന്റെ ചില രേഖകൾ കൂടി ലഭിക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സർക്കാർ തലത്തിൽ ഉന്നതതല ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഫലമുണ്ടാകൂ എന്ന നിലപാടിലാണ് ഇദ്ദേഹം. സ്റ്റീവിനെ ബന്ധപ്പെടാൻ ശ്രമിച്ചാലും നൽകിയ നമ്പരുകളിൽ ഒന്നും പ്രവർത്തിക്കുന്നില്ലെന്നാണ് പറയുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
