ദോഹ: ‘ഗ്യാസ്ട്രോസീറോ’ (GastroZero) എന്ന തടി കുറയ്ക്കാനുള്ള ഉൽപ്പന്നം ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഹാനികരവും എന്നാൽ രേഖപ്പെടുത്താത്തതുമായ ഔഷധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ‘ഗ്യാസ്ട്രോസീറോ’ (GastroZero) എന്ന ഫൈറ്റോ-ഫൈബർ പാനീയം ഉപയോഗിക്കരുതെന്നാണ് നിർദേശം.
ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, ശരീരഭാരം കുറയ്ക്കാനുള്ള ഈ ഉൽപ്പന്നത്തിൽ സിബുട്രമിൻ (sibutramine), സിൽഡെനാഫിൽ (sildenafil) എന്നീ രണ്ട് ഔഷധ ഘടകങ്ങൾ രേഖപ്പെടുത്താതെ ചേർത്തിട്ടുള്ളതായി സ്ഥിരീകരിച്ചതായും മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഈ ഘടകങ്ങളുടെ സാന്നിധ്യം ഉൽപ്പന്നത്തെ മായം കലർന്നതാക്കുന്നുവെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ ലൈസൻസില്ലാത്ത ഈ ഉൽപ്പന്നം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഖത്തറിലെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച്, നിയമലംഘകർക്കെതിരെ ആവശ്യമായ നിയന്ത്രണ-നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സംശയാസ്പദമായതോ നിയന്ത്രണവിധേയമല്ലാത്തതോ ആയ ഉൽപ്പന്നങ്ങളെക്കുറിച്ച് 16000 എന്ന നമ്പറിൽ വിളിച്ചോ ഇമെയിൽ വഴിയോ അധികൃതരെ അറിയിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
