ഡല്‍ഹി: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലെ വിലക്ക് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് തിരിച്ചടിയാകും. ബദല്‍ റൂട്ടുകള്‍ വഴി സഞ്ചരിക്കുമ്പോള്‍ വിമാനങ്ങള്‍ക്ക് ഇന്ധന-പ്രവര്‍ത്തന ചെലവുകള്‍ കൂടുമെന്നതിനാല്‍ ടിക്കറ്റ് നിരക്കും ഉയരാം. ദൂരക്കൂടുതലുള്ള ബദല്‍പാതകള്‍ക്കായി കൂടുതല്‍ ഇന്ധനം വിമാനത്തില്‍ കരുതേണ്ടിയും വരും. ഭാരം കൂടുമെന്നതിനാല്‍ ലഗേജില്‍ നിയന്ത്രണം കൊണ്ടുവരേണ്ടിയും വരും. ദീര്‍ഘദൂര റൂട്ടുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഇടയ്ക്ക് സ്റ്റോപ്പ് വേണ്ടി വരും. സമയക്കൂടുതലുള്ളതിനാല്‍ ക്രൂ ഷിഫ്റ്റുകളിലും മാറ്റം വേണ്ടി വരും. ഇതിനായി അധിക ക്രൂവിനെ കമ്പനിക്ക് നിയോഗിക്കേണ്ടിയും വരാം. ഇത് ഷെഡ്യൂളുകളെ ആകെ ബാധിക്കും.
എയര്‍ ഇന്ത്യയുടെ പല ദീര്‍ഘദൂര നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ക്കും യാത്രയ്ക്കിടയില്‍ ഇന്നലെ സ്റ്റോപ് എടുക്കേണ്ടി വന്നു. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കുമുള്ള സര്‍വീസുകള്‍ വിയന്നയില്‍ ഇറക്കുകയായിരുന്നു. കാനഡയിലെ വാന്‍കൂവറില്‍ നിന്നുള്ള ഡല്‍ഹി വിമാനം കോപ്പന്‍ ഹേഗനില്‍ ഇറങ്ങിയ ശേഷമാണ് ഡല്‍ഹിയിലേക്ക് പറന്നത്. ഡല്‍ഹി ഷിക്കാഗോ വിമാനവും കോപ്പന്‍ഹേഗനിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. പാരിസ് ഡല്‍ഹി സര്‍വീസും, ലണ്ടന്‍ ഡല്‍ഹി സര്‍വീസും ഇടയ്ക്ക് അബുദാബിയില്‍ ഇറക്കേണ്ടി വന്നു. സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ വിമാനവും വ്യാഴാഴ്ച രാത്രി കോപ്പന്‍ഹേഗനില്‍ ഇറക്കി.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിദേശവിമാനക്കമ്പനികള്‍ക്ക് വിലക്ക് ബാധകമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
