കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെതായി സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം പരിശോധന. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു. നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
എലൈറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥത്ഥി മുഹമ്മദ് ഷഹബാസ് ആണ് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവന്‍ നിലനിര്‍ത്താന്‍ ആയത്.
കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചു. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളായതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ആക്രമണം ബോധപൂര്‍വ്വം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങളും അതിനിടെ പുറത്തുവന്നു. ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്ന് ഒരു സന്ദേശത്തില്‍ പറയുന്നു. സംഘം ചേര്‍ന്ന് ആക്രമിച്ചാല്‍ കേസ് ഉണ്ടാകില്ലെന്നാണ് അക്രമി സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
