ദോഹ: ഖത്തര്‍ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ തിരിച്ച് രാജ്യത്ത് കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ അതോറിറ്റി പുറത്തുവിട്ടു. രാജ്യത്തിന് പുറത്തുള്ള വാഹനങ്ങളുടെ ഉടമകള്‍ താഴെപ്പറയുന്നവ പാലിക്കണം:
1) രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ ഈ അറിയിപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ രാജ്യത്തേക്ക് എത്തിക്കണം.
2) ഒരു നിശ്ചിത കാലയളവിലേക്ക് വാഹനം വിദേശത്ത് തുടരുന്നതിന് വാഹന ഉടമ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് പെര്‍മിറ്റ് നേടിയിരിക്കേണ്ടതാണ്.
3) പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, രാജ്യത്തിന് പുറത്തുപോയ വാഹനം തിരികെ എത്തിക്കണം. കൂടുതല്‍ കാലാവധിക്ക്/കാലാവധികള്‍ക്ക് പെര്‍മിറ്റ് പുതുക്കാവുന്നതുമാണ്.
4) നിയമങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്ന പക്ഷം, വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും
5) പുതിയ നിയമം പുറപ്പെടുവിച്ച തീയതി മുതല്‍, രാജ്യത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് രാജ്യത്തിനകത്ത് സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ പാലിച്ച ശേഷമല്ലാതെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതല്ല.
6) നിയമപരമായ കാലയളവിനുള്ളില്‍ (അവസാനിച്ച തീയതി മുതല്‍ 30 ദിവസം) രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍, വാഹന ഉടമ ലൈസന്‍സ് നമ്പര്‍ പ്ലേറ്റുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നല്‍കണം.
7) നമ്പര്‍ പ്ലേറ്റുകള്‍ തിരികെ നല്‍കാത്ത പക്ഷം, ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (95) പ്രകാരം നടപടി ക്രമങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതാണ്. (ഒരാഴ്ചയില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ തടവും (3,000) ഖത്തര്‍ റിയാലില്‍ താഴെയും (10,000) റിയാലില്‍ കൂടാതെയുമുള്ള പിഴയും, അല്ലെങ്കില്‍ ഇവയിലേതെങ്കിലും ഒന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു).
