റിയാദ്: സൗദിയില്‍ കന്നുകാലികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. വെറ്ററിനറി മരുന്നുകള്‍ നല്‍കിയ ശേഷം കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ ഇറച്ചി കഴിക്കുന്നത് മനുഷ്യരില്‍ കരള്‍, വൃക്ക തുടങ്ങിയ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്ത സത്യമല്ലെന്നും വെറ്ററിനറി മരുന്നുകളുടെ സജീവ കാലയളവ് മരുന്നുകളിലെ ഘടകങ്ങള്‍ക്കും ഡോസ് നല്‍കുന്ന രീതിക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ചില ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ഇറച്ചി മിതമായി പാചകം ചെയ്യുന്നതിലൂടെ ഇല്ലാതാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദിയിലെ കശാപ്പുശാലകളില്‍ മന്ത്രാലയവും നാഷനല്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പ്ലാന്റ്സ്, പെസ്റ്റ്സ് ആന്‍ഡ് അനിമല്‍ ഡിസീസസും പരിശോധന നടത്തുന്നുണ്ടെന്നും കശാപ്പ് ചെയ്യുന്ന കന്നുകാലികള്‍ക്ക് വെറ്ററിനറി മരുന്നുകള്‍ കുത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
