ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തർ റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 1,00,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015-ലെ 21-ാം നമ്പർ നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ്’ (Search and Follow-up Department) സംഘടിപ്പിച്ച വെബിനാറിലാണ് ഈ ശിക്ഷാ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗമാണ്, നിയമം നടപ്പിലാക്കുന്നതിനും എൻട്രി, എക്സിറ്റ്, താമസ ചട്ടങ്ങൾ എന്നിവ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതെന്നും ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദി പറഞ്ഞു.
തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കും റിക്രൂട്ട് ചെയ്യാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവും, ആദ്യ കുറ്റത്തിന് 50,000 ഖത്തർ റിയാൽ വരെ പിഴയും ലഭിക്കുമെന്നും അൽ ബുറൈദി ചൂണ്ടിക്കാട്ടി. കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ 1,00,000 ഖത്തർ റിയാൽ വരെയായി വർദ്ധിക്കും.
നിശ്ചിത സാഹചര്യങ്ങളിൽ, നിശ്ചയിച്ചിട്ടുള്ള 14 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകൾക്ക് 50,000 ഖത്തർ റിയാൽ വരെ പിഴ ലഭിക്കും. അതേസമയം, റെസിഡൻസ് പെർമിറ്റ് (താമസാനുമതി, ആർപി ) കാലാവധി തീരുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ, ആർപി പുതുക്കുന്നതിനോ പുതിയത് എടുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത തൊഴിലുടമകൾക്ക് 10,000 ഖത്തർ റിയാൽ (QR) വരെ പിഴ ചുമത്തപ്പെട്ടേക്കാം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
