ദോഹ: ഖത്തറിൽ തൊഴിലാളികളുടെ പാസ്പോർട്ടുകൾ പിടിച്ചുവെയ്ക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. റസിഡൻസ് പെർമിറ്റ് (ഇഖാമ) അനുവദിക്കുന്നതോ പുതുക്കുന്നതോ ആയ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷവും തൊഴിലാളികളുടെ പാസ്പോർട്ടുകൾ തിരികെ നൽകാത്ത തൊഴിലുടമകൾക്ക് 25,000 ഖത്തർ റിയാൽ (QR) വരെ പിഴ ലഭിച്ചേക്കാമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ, ‘സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റി’ലെ ഡിറ്റൻഷൻ വിഭാഗം മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോർട്ടുകൾ കൈവശം വെക്കുന്നതിന് ഇരു കക്ഷികളും തമ്മിൽ പ്രത്യേക കരാറോ അല്ലെങ്കിൽ അതിന് അനുമതി നൽകുന്ന നിയമപരമായ രേഖയോ ഇല്ലെങ്കിൽ, തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്പോർട്ടുകൾ അവർക്ക് തിരികെ നൽകണമെന്നാണ് വ്യവസ്ഥ.
താമസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാസ്പോർട്ടുകൾ കൈമാറാതിരിക്കുന്നത് നിയമ ലംഘനമാണ്. തൊഴിലുടമകൾ രേഖകൾ എല്ലാം ജീവനക്കാർക്ക് തിരികെ നൽകണം. തൊഴിൽ കരാറുകൾ രേഖപ്പെടുത്തുക, താമസാനുമതി നടപടിക്രമങ്ങൾ ആവശ്യമായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക, തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യം നൽകുക, പ്രവാസികളുടെ ജോലി നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കുക എന്നിവയും തൊഴിലുടമകൾ ചെയ്യണമെന്നും അൽബുറൈദി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
