തനിഷ്‌ക് ജ്വല്ലറി മോഷണം; ഇൻഫ്ലുവൻസർ യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

InShot 20261114 190512883

മധുരൈ: തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നിശാന്തിനായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബൈക്ക്-ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.മോഷണത്തിന് മുൻപ് നിശാന്ത് ഒരു ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ജ്വല്ലറി സന്ദർശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തുകയും, വീടടക്കം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്വർണം കണ്ടെത്താനായിട്ടില്ല.

മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് മൂന്ന് തവണയും ധരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയത് ട്രയൽ റണ്ണിനാണോ എന്നും പൊലീസ് സംശയിക്കുന്നു.


മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണം പോയ ആഭരണങ്ങളെല്ലാം ഡിസ്‌പ്ലേ വിഭാഗത്തിൽ നിന്നുള്ളതാണെന്നും ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഈ ഷോറൂം തുറന്നത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പുറത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like