വിദേശത്ത് വെച്ച് സ്ത്രീപീഡനമെന്ന് പരാതി, തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ്

InShot 20261114 162527578

തിരുവനന്തപുരം: വിദേശത്ത് വച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് ത‍ടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പരാതി നൽകിയത്. ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി അഞ്ജുവിന്റെ പരാതിയിൽ പറയുന്നു.

ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നാണു പരാതി. ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like