കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളുകളില്‍ പെര്‍മിഷന്‍ ഇല്ലാതെ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ക്കുള്ളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കുന്ന 2025 ലെ 135-ാം നമ്പര്‍ മന്ത്രിതല പ്രമേയം അനുസരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മതപരമോ രാഷ്ട്രീയപരമോ ആയതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതോ വിഭാഗീയമോ പക്ഷപാതപരമോ ആയ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതൊരു മത്സരങ്ങളും, പരിപാടികളും, പ്രവര്‍ത്തനങ്ങളും സ്‌കുളുകളില്‍ പൂര്‍ണ്ണമായി നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതും പഠന പ്രക്രിയ മെച്ചപ്പെടുത്തുന്നതുമായ വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളായിരിക്കണം നടത്തേണ്ടത്. വിദ്യാര്‍ത്ഥികളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്, വൈകിയെത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ അസംബ്ലിയില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണം.
ആവശ്യമായ അനുമതികള്‍ ഇല്ലാതെ ചില വിദ്യാലയങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. ഇതിന്റെ തുടര്‍ച്ചയായി വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്ന മുന്‍ അനുമതികള്‍ റദ്ദാക്കുകയും ഭാവിയില്‍ പരിപാടികള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
