യുഎഇയില്‍ സ്വകാര്യ സ്‌കൂള്‍ തൊഴില്‍ നിയമനങ്ങള്‍ പുതിയ വ്യവസ്ഥകള്‍ പ്രകാരം

uae

അബുദാബി: യുഎഇയിലെ സ്വകാര്യ സ്‌കൂള്‍ തൊഴില്‍ തസ്തികകള്‍ക്കും നിയമനങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകര്‍ക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ സ്‌കൂള്‍ തൊഴില്‍ നയം പരിഷ്‌കരിച്ചതായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണിത്.

പുതിയ തൊഴില്‍ നയപ്രകാരം സ്വകാര്യ സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ഇന്‍ക്ലൂഷന്‍ മേധാവി, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസര്‍, സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സ് എന്നീ ആറ് തസ്തികകള്‍ നിര്‍ബന്ധമാക്കി. ഈ തസ്തികയിലുള്ളവര്‍ പ്രവൃത്തി സമയങ്ങളില്‍ സ്‌കൂളില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.

ഉയര്‍ന്ന നിലവാരമുള്ള സ്‌കൂളുകളില്‍ കരിയര്‍, യൂണിവേഴ്‌സിറ്റി ഗൈഡന്‍സ് കൗണ്‍സിലര്‍മാരെയും നിയമിക്കണം. 500ല്‍ താഴെ വിദ്യാര്‍ഥികളുള്ള പുതിയ സ്‌കൂളുകളില്‍ ആദ്യ 5 വര്‍ഷത്തേക്ക് മുതിര്‍ന്ന അധ്യാപകനെ ആക്ടിങ് വൈസ് പ്രിന്‍സിപ്പലായി നിയമിക്കാനും അനുമതി നല്‍കി. ഓരോ വിഷയങ്ങള്‍ക്കും എല്ലാ ക്ലാസുകളിലേക്കും അധ്യാപകര്‍ ഉണ്ടാകണം. ഒഴിവു വരുന്ന തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്തുന്നതുവരെ താല്‍ക്കാലിക അധ്യാപകരെ നിയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. 2024/25 അധ്യയന വര്‍ഷം മുതല്‍ നയങ്ങള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം 2026 ഫെബ്രുവരി ഒന്നിനകം നിയമം പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അധ്യാപകര്‍ക്ക് ടീച്ചിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. നേരത്തെ നിയമനം നടത്തിയ അധ്യാപകര്‍ക്ക് ജോലിയില്‍ തുടര്‍ന്നുകൊണ്ട് ടീച്ചിങ് ലൈസന്‍സ് നേടാന്‍ 2026/27 അധ്യയന വര്‍ഷം വരെ സാവകാശമുണ്ട്. ബി.എഡ് ഇല്ലാത്തവരാണെങ്കില്‍ നിശ്ചിത സമയത്തിനകം യോഗ്യത ഉറപ്പാക്കി അധ്യാപന ലൈസന്‍സ് നേടിയിരിക്കണം. ഇതിനകം യോഗ്യത നേടാനായില്ലെങ്കില്‍ മറ്റൊരു സ്‌കൂളില്‍ പുതുതായി ജോലിക്കു ചേര്‍ന്ന് 2 വര്‍ഷത്തിനകം ലൈസന്‍സ് എടുത്താല്‍ മതി.

അഡെക് നിയമ പ്രകാരം മാത്രമേ പുതിയ അധ്യാപക, അനധ്യാപക റിക്രൂട്‌മെന്റുകള്‍ നടത്താവൂ. 6 മാസത്തെ താല്‍ക്കാലിക നിയമനത്തിന് നിബന്ധനകളില്‍ ഇളവുണ്ട്. ആക്ടിങ് ഫിനാന്‍സ് ഡയറക്ടര്‍ പോലുള്ള അനധ്യാപക തസ്തികകള്‍ക്ക് മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ. നിലവിലെ ജീവനക്കാരില്‍ ഒരാളാണ് ഉദ്യോഗാര്‍ഥിയെങ്കില്‍ തൊഴില്‍ പരിചയം നിര്‍ബന്ധമില്ല. ഈ കാലയളവില്‍ പദവിക്കു മുന്‍പ് ആക്ടിങ് എന്ന് ചേര്‍ത്തിരിക്കണം. സേവന കാലയളവ് പ്രവൃത്തിപരിചയമായി കണക്കാക്കും.

നിയമനത്തില്‍ ജാതി, മത, വംശ, ലിംഗ, വൈകല്യ വിവേചനം പാടില്ല. ചില തസ്തികകളില്‍ മാത്രം ലിംഗ നിയന്ത്രണം ബാധകമാക്കാം. ഭിന്നശേഷിക്കാര്‍ക്ക് തുല്യ അവസരം ഉറപ്പാക്കണം. രേഖാമൂലം സമ്മതം നല്‍കിയാല്‍ 3 റോളുകളില്‍ വരെ ജീവനക്കാരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇതിനു പുറമെ പാഠ്യേതര ഉത്തരവാദിത്തവും നല്‍കാം. ജീവനക്കാരെല്ലാം സ്റ്റാഫ് ലൈസന്‍സിങ് പോര്‍ട്ടലില്‍ (അഡെക് പാസില്‍) റജിസ്റ്റര്‍ ചെയ്യണം. ജീവനക്കാരുടെ റോളുകള്‍ സംബന്ധിച്ച് അഡെക് പാസില്‍ വ്യക്തമാക്കുകയും വേണം. പുതിയ ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് (ഓഫര്‍ ലെറ്റര്‍) നല്‍കുകയും വര്‍ക്ക് പെര്‍മിറ്റ് നേടുകയും വേണം.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ താല്‍ക്കാലിക ജോലിക്കെടുത്താലും അവരുടെ പഠനത്തെ ബാധിക്കാത്ത വിധത്തിലായിരിക്കണം. മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ നിയമപ്രകാരം ഒഴിവുസമയ ജോലിയില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണെങ്കിലും അവരുടെ പഠന, പരിരക്ഷ എന്നിവയില്‍ വ്യത്യാസമുണ്ടാകരുത്.

സ്റ്റാഫ് കലണ്ടര്‍ നിര്‍ബന്ധം. ജീവനക്കാരുടെ ജോലി സമയം, പ്രൊബേഷന്‍ കാലയളവ്, അവധി എന്നിവ സംബന്ധിച്ച് അഡെക് നിയമം പാലിക്കണം. പ്രൊബേഷന്‍ 6 മാസം കവിയരുത്. അവധിക്കാലമായാലും മുഴുവന്‍ വേതനവും നല്‍കണം.അധ്യയന വര്‍ഷത്തെ അംഗീകൃത കലണ്ടറിനൊപ്പം ഓരോ സ്‌കൂളുകളും അവധി ദിനങ്ങളും പ്രവൃത്തി ദിവസങ്ങളും വിശദീകരിക്കുന്ന സ്റ്റാഫ് കലണ്ടര്‍ നല്‍കണം. ജീവനക്കാരുടെ ജോലി സംബന്ധിച്ച് അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.

പ്രസവാവധി, രോഗാവധി, മരണം, രക്ഷാകര്‍തൃ അവധി, പഠന അവധി, വിശ്രമ അവധി (യുഎഇ പൗരന്മാര്‍ക്ക് മാത്രം) എന്നിങ്ങനെ അര്‍ഹതയുള്ള എല്ലാ അവധികളെക്കുറിച്ച് ജീവനക്കാരെ അറിയിക്കണം. വാര്‍ഷിക അവധികളും ഇടവേളകളും ഉള്‍പ്പെടെ അധ്യാപക തൊഴില്‍ കരാറുകള്‍ 2 വര്‍ഷത്തേക്കാകണം. അഡെക് അംഗീകാരമില്ലാതെ അധ്യാപകരെ പിരിച്ചുവിടാന്‍ സ്‌കൂളിന് അധികാരമില്ല. രാജിവയ്ക്കാനും പിരിച്ചുവിടാനും അനുമതി നിര്‍ബന്ധം. ഇതേസമയം ഗുരുതര കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ നോട്ടിസ് കൂടാതെ സ്‌കൂളുകള്‍ക്ക് പിരിച്ചുവിടാം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like