റിയാദ്: സൗദി അറേബ്യയില്‍ അഭിഭാഷകര്‍ക്കുള്ള പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച അഭിഭാഷകനെതിരെ സൗദി നീതിന്യായ മന്ത്രാലയം നടപടി സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി അഭിഭാഷകനെ മന്ത്രാലയത്തിന് കീഴിലുള്ള അഭിഭാഷകരുടെ അച്ചടക്ക സമിതിയിലേക്ക് റഫര്‍ ചെയ്തു. തന്റെ എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അഭിഭാഷകവൃത്തിയുടെ ബഹുമാനം കളങ്കപ്പെടുത്തിയെന്നാണ് കേസ്. അഭിഭാഷകരുടെ പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അപ്പീല്‍ കോടതിയുടെ വിധിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരപ്പിച്ചെന്നാണ് അഭിഭാഷകനെതിരെയുള്ള കുറ്റം.
അന്തിമമല്ലാത്ത കോടതി വിധിക്ക് വിരുദ്ധമായി അഞ്ച് വര്‍ഷത്തില്‍ നിന്ന് ആറ് മാസമായി തടവ് കുറയ്ക്കുമെന്ന് അവകാശപ്പെട്ട് അഭിഭാഷകന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം അഭിഭാഷകന്റെ പേര് ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
