ദോഹ: ഖത്തറിൽ നിയമ മേഖലയിലെ തൊഴിൽ നിലവാരം ശക്തിപ്പെടുത്തുന്നു. നിയമ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കക്ഷികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, നിയമ തൊഴിലിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തീരുമാനം. ഇതിന്റെ ഭാഗമായി അഭിഭാഷകരുടെ രജിസ്ട്രേഷൻ പരീക്ഷകൾ, ഖത്തർ പൗരന്മാരല്ലാത്ത നിയമ പ്രാക്ടീഷണർമാർക്കുള്ള ലൈസൻസിംഗ് വ്യവസ്ഥകൾ, നിയമ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്.
നിയമ സേവന മേഖലയിൽ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനും, തൊഴിൽ യോഗ്യത, ലൈസൻസിംഗ്, ഡിജിറ്റൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും പുതിയ തീരുമാനങ്ങൾ സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയത്തിലെ ‘അഭിഭാഷക കാര്യ വകുപ്പ്’ (Department of Lawyers Affairs) ഡയറക്ടർ അബ്ദുൽ കരീം ഹമൂദ് അൽ റുവൈലി ഖത്തർ ടിവിയുമായുള്ള അഭിമുഖത്തിൽ വിശദീകരിച്ചു. നീതിന്യായ മന്ത്രിയും, കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയും, ‘അഭിഭാഷക പ്രവേശന സമിതി’ (Lawyers Admission Committee) ചെയർമാനുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് പുതിയ തീരുമാനങ്ങൾ പുറപ്പെടുവിച്ചത്.
പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ രജിസ്റ്ററിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്കായി, നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ‘സെന്റർ ഫോർ ലീഗൽ ആൻഡ് ജുഡീഷ്യൽ സ്റ്റഡീസിൽ’ വെച്ച് മൂന്ന് മാസത്തിലൊരിക്കൽ പരീക്ഷകൾ നടത്തുന്നതാണ്. ഈ കേന്ദ്രവുമായി സഹകരിച്ച്, ‘ലോയേഴ്സ് അഡ്മിഷൻ കമ്മിറ്റി’ (അഭിഭാഷക പ്രവേശന സമിതി) പരീക്ഷാ സംവിധാനം തയ്യാറാക്കുകയും, പരീക്ഷാ നടത്തിപ്പ്, ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യൽ, ഫലങ്ങൾ രേഖപ്പെടുത്തൽ, അപേക്ഷകരെ ഫലങ്ങൾ അറിയിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.
പരീക്ഷയിൽ വിജയിക്കാൻ അപേക്ഷകർ കുറഞ്ഞത് 50% മാർക്ക് നേടേണ്ടതുണ്ട്. വിജയിക്കുന്നവരുടെ ഫലത്തിന്, ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും. പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ രണ്ടാമതൊരു അവസരം കൂടി നൽകും. അതിലും പരാജയപ്പെടുകയാണെങ്കിൽ, അവരുടെ രജിസ്ട്രേഷൻ അപേക്ഷകൾ നിരസിക്കപ്പെടും.
കൂടാതെ, അപേക്ഷ നിരസിക്കപ്പെട്ട തീയതി മുതൽ ആറ് മാസം കഴിയുന്നത് വരെ, അവർക്ക് വീണ്ടും പരീക്ഷ എഴുതാനോ പുതിയ അപേക്ഷ സമർപ്പിക്കാനോ അനുവാദമുണ്ടായിരിക്കില്ല. അതേസമയം പൊതുതാൽപ്പര്യം മുൻനിർത്തിയോ, അല്ലെങ്കിൽ ഉചിതമെന്ന് കമ്മിറ്റിക്ക് തോന്നുന്ന മറ്റ് സാഹചര്യങ്ങളിലോ, ചില അപേക്ഷകരെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്.
ഖത്തരി നിയമ സ്ഥാപനങ്ങൾക്ക് വേണ്ടി കോടതികളിൽ ഹാജരാകാൻ ആഗ്രഹിക്കുന്ന, ഖത്തർ പൗരന്മാരല്ലാത്ത അഭിഭാഷകർക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ തീരുമാനം. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദമോ (Bachelor’s degree) അതിന് തുല്യമായ യോഗ്യതയോ നേടിയിരിക്കണം. കൂടാതെ, സ്വന്തം രാജ്യത്ത് രജിസ്റ്റർ ചെയ്ത അഭിഭാഷകനായി കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും, അപ്പീൽ കോടതിയിൽ ഹാജരാകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായിരിക്കണം.
പൊതുതാൽപ്പര്യം മുൻനിർത്തി ഉചിതമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ, സമിതിക്ക് ഇളവുകൾ അനുവദിക്കാവുന്നതാണ്. നല്ല സൽപ്പേരും മികച്ച തൊഴിൽ പശ്ചാത്തലവും ഉണ്ടായിരിക്കണം എന്നത്
പ്രധാന നിബന്ധനയാണ്. തൊഴിൽപരമായ കടമകളിൽ വീഴ്ച വരുത്തിയതോ അച്ചടക്ക നടപടികൾക്ക് വിധേയരായതോ ആയ ചരിത്രം ഇവർക്കുണ്ടാകാൻ പാടില്ല. അതേസമയം വ്യക്തിഗത അഭിമുഖത്തിലും സമിതി നിശ്ചയിക്കുന്ന പരീക്ഷകളിലും അപേക്ഷകർ വിജയിക്കേണ്ടതുണ്ട്.
ഖത്തർ പൗരന്മാരല്ലാത്ത അഭിഭാഷകർ, ഔദ്യോഗിക രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് മുൻപായി, നീതിന്യായ മന്ത്രാലയത്തിലെ ‘ലോയേഴ്സ് അഡ്മിഷൻ കമ്മിറ്റി’ (Lawyers Admission Committee) മുൻപാകെ നിയമപരമായ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടെന്നും അൽ റുവൈലി പറഞ്ഞു. ഖത്തരി നിയമ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കപ്പെടുന്ന, ഖത്തർ പൗരന്മാരല്ലാത്ത അഭിഭാഷകരുടെ എണ്ണത്തിന് ഈ ചട്ടങ്ങൾ പരമാവധി പരിധി നിശ്ചയിക്കുന്നുണ്ട്. ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ (Court of First Instance), ‘കോർട്ട് ഓഫ് അപ്പീൽ’ (Court of Appeal), ‘കോർട്ട് ഓഫ് കാസേഷൻ’ (Court of Cassation) എന്നിങ്ങനെ, ഓരോ നിയമ സ്ഥാപനത്തിനും ഏത് തലത്തിലുള്ള കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ അനുവാദമുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ പരിധി നിശ്ചയിക്കുക.
ഖത്തരികളല്ലാത്ത അഭിഭാഷകർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു രജിസ്റ്റർ, അവരുടെ തൊഴിൽപരമായ പദവി, ലൈസൻസുകൾ, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഭരണപരമായ ചട്ടക്കൂട് ഒരുക്കും.
രാജ്യത്തെ നിയമ സ്ഥാപനങ്ങളുടെ (law firms) വെബ്സൈറ്റുകൾക്കും ചില നിബന്ധനകൾ ഏർപ്പെടുത്തുന്നുണ്ട്. വെബ്സൈറ്റിന്റെ പേര് നിയമ സ്ഥാപനത്തിന്റെ പേരുമായി പൊരുത്തപ്പെടുന്നതോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടതോ ആയിരിക്കണമെന്ന് അൽ റുവൈലി വ്യക്തമാക്കി. കൂടാതെ, വെബ്സൈറ്റിലെ ഉള്ളടക്കം നിയമ സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം. പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം, സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും അഭിഭാഷകർ ബാധ്യസ്ഥരാണ്.
തങ്ങളുടെ വെബ്സൈറ്റുകൾ വഴിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ നിയമനടപടികൾ ആരംഭിക്കാൻ വ്യക്തികളെയോ ഗ്രൂപ്പുകളെയോ പ്രേരിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് അഭിഭാഷകർക്ക് വിലക്കേർപ്പെടുത്തി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
