കുവൈത്ത് സിറ്റി: കുവൈത്തിലും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ എടുക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ശിക്ഷാര്‍ഹമെന്ന് നിയമ വിദഗ്ധര്‍ ആവര്‍ത്തിച്ചു. ചിത്രങ്ങളും വിഡിയോകളും എടുക്കുന്നതിന് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റഗുലേറ്ററി അതോറിറ്റിയുടെ ചട്ട പ്രകാരം മുന്‍കൂട്ടി അനുമതി തേടണം. അധികൃതരെ അറിയിക്കാതെ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്.
കണ്ടന്റ് ക്രിയേറ്റര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ചിത്രങ്ങളും വിഡിയോകളും പകര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അനുമതിയില്ലാതെയുള്ള നടപടികള്‍ കനത്ത പിഴ, ഉപകരണങ്ങള്‍ കണ്ടുകെട്ടല്‍, വിചാരണ എന്നിവയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് ഇടയാക്കും.
സ്വകാര്യ സ്ഥലങ്ങളിലാണെങ്കിലും വ്യക്തികളുടെ അനുമതിയില്ലാതെ എടുക്കുന്നത് നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ ചിത്രങ്ങളെടുക്കുന്നതും ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സൈനിക മേഖലകള്‍, എണ്ണ കമ്പനികള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ എടുക്കുന്നതും നിയമവിരുദ്ധമാണ്. കനത്ത ശിക്ഷകള്‍ക്ക് ഇടയാക്കുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ രാജ്യത്ത് ദൈവത്തെയും അമീറിനെയും സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കുറ്റത്തിന് പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന് രണ്ട് വര്‍ഷം കഠിന തടവ് വിധിച്ചു. ഖാലിദ് അല്‍-ഒമാര അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
സ്വകാര്യ എക്‌സ് അക്കൗണ്ടില്‍ വിവാദപരമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനാണ് നടപടി. മതപരമായ പവിത്രതയെ അപമാനിക്കല്‍, അമീറിനെ അപമാനിക്കല്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. അതേസമയം ചോദ്യം ചെയ്യലില്‍, പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചങ്കെിലും കോടതി കുറ്റക്കാരനാക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് വിശദീകരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
