ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ എംബസി വഴിയുള്ള ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പുനരാരംഭിച്ചു

1q 130

റിയാദ്: ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന നടപടികള്‍ പുനരാരംഭിച്ചു. ബന്ധപ്പെട്ട സൗദി കാര്യാലയങ്ങളിലെ സിസ്റ്റം അപ്‌ഡേഷന്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങളാണ് വീണ്ടും ആരംഭിച്ചത്. രണ്ടുമാസത്തിന് ശേഷമാണ് നടപടി.

ജുബൈല്‍ ജുഐമ ഏരിയ ലേബര്‍ ഓഫിസര്‍ മുത്‌ലഖ് അല്‍ ഖഹ്താനി, സഹ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ ഖുവൈലിദി എന്നിവരെ സന്ദര്‍ശിച്ച പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസി വളന്റിയറുമായ സൈഫുദ്ധീന്‍ പൊറ്റശ്ശേരിയോടാണ് ഈ വിവരം കൈമാറിയത്. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട സിസ്റ്റം അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ എംബസി വഴി ഇഖാമ കാലാവധി കഴിഞ്ഞവരുടെ ഫൈനല്‍ ഏക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതില്‍ കഴിഞ്ഞ രണ്ടു മാസമായി തടസം നേരിട്ടിരുന്നു. ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് പിഴയോ മറ്റു ശിക്ഷാനടപടികളോ ഒന്നുമില്ലാതെ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസിയും സൗദി തൊഴില്‍ മന്ത്രാലയവും സഹകരിച്ച് നടപ്പാക്കി വരുന്ന സംവിധാനമാണിത്.

എംബസിയുടെ https://www.eoiriyadh.gov.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്താണ് ഫൈനല്‍ എക്‌സിറ്റിനുള്ള അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വഴി രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇഖാമ ഇഷ്യൂ ചെയ്യപ്പെട്ട ഭൂപരിധിയിലുള്ള ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് എംബസി നടപടികള്‍ പൂര്‍ത്തിയാക്കുക. ലേബര്‍ ഓഫീസിനെയോ ജവാസത്തിനെയോ നേരിട്ട് സമീപിക്കാതെ ഫൈനല്‍ എക്‌സിറ്റ് നേടാനുള്ള സൗകര്യമാണ് ഇത്. എക്‌സിറ്റ് വിസ ഇഷ്യൂ ആയാല്‍ ആ വിവരം മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി എത്തുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like