അബുദാബി: യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിക്ക് പകരം ബയോമെട്രിക് സാങ്കേതികവിദ്യ (ഫേഷ്യല്‍ റെക്കഗ്നിഷന്‍) ഏര്‍പ്പെടുത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പദ്ധതി അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളുടെ ആവശ്യകത ഇല്ലാതാക്കുന്ന നൂതന ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളുടെ വികസനവും വിജയകരമായ പരീക്ഷണവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു.
പരീക്ഷണം വിജയകരമാണെന്നും എല്ലാ മേഖലകളിലും പൂര്‍ണതോതില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഏര്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിപി വ്യക്തമാക്കി. അതോടെ എമിറേറ്റ്‌സ് ഐഡി ഇല്ലാതാകും.
സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സര്‍ക്കാര്‍, ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന മേഖലകളില്‍ ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം നടപ്പാക്കും. പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണു സേവനം ഉറപ്പാക്കുന്നത്. പുതിയ സംവിധാനം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും പരിഹാരങ്ങളും ക്ഷണിക്കും.
എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നെന്ന് ഉറപ്പാക്കുമെന്നും ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അഫയേഴ്‌സ് സഹമന്ത്രി അബ്ദുല്‍റഹ്‌മാന്‍ അല്‍ ഒവൈസ് പറഞ്ഞു. ദുബായ്, അബുദാബി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കാമെന്നാണ് വിലയിരുത്തുന്നത്. തട്ടിപ്പ് ഇല്ലാതാക്കാനും അതുവഴി സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
