സൗദിയിലേക്കുള്ള വിസിറ്റ് വീസയില്‍ നിയന്ത്രണം; മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ വീണ്ടും നിര്‍ത്തലാക്കി

airport travel 2 al

റിയാദ്: സൗദി അറേബ്യയിലേക്ക് വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓപ്ഷനുകള്‍ പിന്‍വലിച്ചു. വീസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏത് തരം വീസയാണ് അനുവദിക്കേണ്ടത് എന്ന് ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ തീരുമാനിക്കാം. അതേസമയം ഇത് സ്ഥിരം സംവിധാനമാണോ താല്‍കാലിക നിയന്ത്രണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

രണ്ടുമാസം മുന്‍പാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വീസ അപേക്ഷയില്‍ മാറ്റങ്ങളുണ്ടായത്. ഒരു വീസയില്‍ സൗദിയിലേക്ക് പലവട്ടം വരാന്‍ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിന്‍വലിച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സിംഗിള്‍ എന്‍ട്രിയാണ് അനുവദിച്ചത്. എന്നാല്‍ ഇന്നലെ (വ്യാഴം) മുതല്‍ ഈ സൗകര്യവും സൗദി വിദേശകാര്യ മന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പിന്‍വലിച്ചു. ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ മാത്രമായിരിക്കും വീസ അനുവദിക്കുന്നതിലെ അധികാരം.

അതേസമയം, സ്‌കൂള്‍ അവധിക്ക് ശേഷം സൗദിയിലേക്ക് വരാനിരുന്ന നൂറു കണക്കിന് പ്രവാസി കുടുംബങ്ങള്‍ ഇപ്പോഴും അനിശ്ചിതത്തിലാണ്. പുതിയ വീസ അനുവദിക്കുന്നത് ഏപ്രില്‍ മധ്യം വരെയാണ്. കേരളത്തില്‍ സ്‌കൂളുകളില്‍ പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് അവസാനമാണ്. ഇതിന് ശേഷം രണ്ടാഴ്ച മാത്രമാണ് സൗദിയില്‍ തങ്ങാന്‍ പുതിയ വീസക്കാര്‍ക്ക് അനുവാദമുള്ളത്. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. ഹജ് സീസണ്‍ ആയതുകൊണ്ടാണ് വീസ നിയമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഈജിപ്ത് അടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്ന് വിസിറ്റ് വീസയില്‍ എത്തിയ നിരവധി പേര്‍ അനുമതിയില്ലാതെ ഹജ് ചെയ്തിരുന്നു. ഇത് നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തവണ ഹജ്ജ് കാലയളനിനോട് അനുബന്ധിച്ച് വീസ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like