അബുദാബി: യുഎഇയില്‍ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും (ഐസിപി) ബ്ലൂ വിസ സംവിധാനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഈ ഘട്ടത്തില്‍ 20 സുസ്ഥിര ചിന്താ നേതാക്കള്‍ക്കും ഇന്നൊവേറ്റേഴ്‌സിനും ബ്ലൂ വിസ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 11 മുതല്‍ 13 വരെ ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം.
യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും അസാധാരണമായ സംഭാവന നല്‍കിയ വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത 10 വര്‍ഷത്തെ താമസ വിസയാണ് ബ്ലൂ വിസ. അന്താരാഷ്ട്ര സംഘടനകള്‍, അന്താരാഷ്ട്ര കമ്പനികള്‍, അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഇതര സംഘടനകളുടെ അംഗങ്ങള്‍, ആഗോള അവാര്‍ഡ് ജേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെ വിശിഷ്ട പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ബ്ലൂ വിസ നല്‍കുന്നത്.
അതോറിറ്റിയുടെ വെബ്സൈറ്റിലെ അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമായി, സുസ്ഥിര മേഖലകളിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ സമര്‍പ്പിച്ച അപേക്ഷകളിലൂടെ ഓണ്‍ലൈന്‍ അംഗീകാരം ലഭിക്കും. നേരത്തെ ആരംഭിച്ച ഗോള്‍ഡന്‍, ഗ്രീന്‍ റസിഡന്‍സികളുടെ വിപുലീകരണമാണ് ബ്ലൂ വിസ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
