യുഎഇയില്‍ തൊഴില്‍ നിയമനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; ഓഫര്‍ ലെറ്റര്‍ നിര്‍ബന്ധം

uae flag

അബുദാബി: യുഎഇയില്‍ സ്വകാര്യ കമ്പനികള്‍ക്ക് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുതിയ തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകള്‍ വ്യക്തമാക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായിട്ടായിരിക്കണം തൊഴിലാളികളുടെ നിയമനമെന്നാണ് പ്രധാന വ്യവസ്ഥ.

ഒരാളെ ജോലിക്കെടുക്കുന്നതിന് മുന്‍പ് ജോലിയുടെ സ്വഭാവം, ഡ്യൂട്ടി സമയം, വേതനം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ അടങ്ങിയ ഓഫര്‍ ലെറ്റര്‍ വ്യക്തികള്‍ക്ക് നല്‍കണം. അതില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യം തൊഴില്‍ കരാറില്‍ ചേര്‍ക്കാന്‍ അനുമതിയുണ്ടെങ്കിലും കുറയ്ക്കാന്‍ പാടില്ല. തൊഴില്‍ നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ എഴുതി ചേര്‍ക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫര്‍ ലെറ്ററുകളിലെ സീരിയല്‍ നമ്പറിലൂടെ (ബാര്‍കോഡ്) ആധികാരികത പരിശോധിച്ചറിയാനാകും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാല്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയും വേണം. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങി ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് അനുയോജ്യമായ പാര്‍പ്പിടം ഒരുക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കില്‍ താമസ അലവന്‍സ് നല്‍കല്‍ നിര്‍ബന്ധമാണ്.

നൈപുണ്യം വികസനത്തിനു തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം നല്‍കുക, ജോലിക്കിടയില്‍ ഉണ്ടായേക്കാവുന്ന പരുക്കില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷനേടാന്‍ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നല്‍കുക, അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴില്‍ നിയമത്തെക്കുറിച്ച് തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രധാന മറ്റു നിര്‍ദേശങ്ങള്‍. തൊഴിലാളികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കണം. തൊഴിലാളിയുടെ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇന്‍ഷുറന്‍സ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം.

തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ജോലി അവസാനിപ്പിച്ചാലും 2 വര്‍ഷംവരെ രേഖകള്‍ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാന്‍ ആഗ്രഹമുള്ളവരെ തടയാന്‍ പാടില്ല. തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണം. അതില്‍ ജോലിയുടെ സ്വഭാവം, ജോലിക്ക് ചേര്‍ന്നതും അവസാനിപ്പിച്ചതുമായ തീയതികള്‍, മൊത്തം കാലയളവ്, വഹിച്ച പദവി, ലഭിച്ച അവസാന വേതനം, തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കണം. തൊഴിലാളിയുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുന്നതോ അവരുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതോ ആയതൊന്നും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ജോലി മതിയാക്കുന്ന തൊഴിലാളി സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുകയാണെങ്കില്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം വിമാനയാത്രാ ടിക്കറ്റും നല്‍കണം. വിവരങ്ങള്‍ക്ക് 600 590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ സ്മാര്‍ട്ട് ആപ്പിലോ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like