ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്  ഇനി ഒമാനിൽ വാഹനമോടിക്കാം

driving

മസ്‌ക്കത്ത്: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒമാനില്‍ വാഹനമോടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) പുതിയ തീരുമാനം പ്രഖ്യാപിച്ചു. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഇനി ഒമാനില്‍ വാഹനം ഓടിക്കാനാവും. എന്നാല്‍ നിബന്ധനകള്‍ ബാധകമാണ്.

സന്ദര്‍ശകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഒമാനില്‍ മൂന്ന് മാസം വരെ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാവും. എന്നാൽ സന്ദർശകർ ടൂറിസ്റ്റ് വിസയിലോ ട്രാന്‍സിറ്റ് വിസയിലോ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ ആയിരിക്കണം. മറ്റ് വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ടൂറിസ്റ്റ്, ട്രാന്‍സിറ്റ് വിസകളില്‍ ഒമാനിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള മൂന്നു മാസത്തെ കാലാവധി ആരംഭിക്കും. സാധുവായ ടൂറിസ്റ്റ് വിസ കൈവശമുണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.

ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പോലുള്ള അംഗീകൃത ഓര്‍ഗനൈസേഷനുകള്‍ നല്‍കുന്ന അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുകളും ഇതേ കാലയളവിലേക്ക് സ്വീകരിക്കുമെന്നും റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. രാജ്യത്ത് എത്തിയത് മുതല്‍ മൂന്നു മാസം പൂര്‍ത്തിയാവുന്നത് വരെ ഇതുപയോഗിച്ച് വാഹനം ഓടിക്കാം. ഈ പ്രത്യേകാവകാശം ഹ്രസ്വകാല സന്ദര്‍ശകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും ഓമാന്‍ പോലിസ് അറിയിച്ചു. അതേസമയം ഒമാനില്‍ സ്ഥിരമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെ ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനം ഓടിക്കാനാവില്ല. അവര്‍ നിര്‍ബന്ധമായും ഒമാനി ഡ്രൈവിങ് ലൈസന്‍സ് നേടിയിരിക്കണം.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like