ദോഹ: ഖത്തറിൽ പെട്രോൾ പമ്പുകളുടെ മേൽനോട്ടത്തിനായി സമിതി രൂപീകരിച്ചു.ഖത്തർ എനർജിയിൽ ഇന്ധന സ്റ്റേഷനുകൾ നിരീക്ഷിക്കുന്നതിനും സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഇന്ധന സ്റ്റേഷൻ മോണിറ്ററിംഗ് കമ്മിറ്റി സ്ഥാപിക്കുന്നതിനായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പുതിയ നിയമം (2026 ലെ 16-ാം നമ്പർ) പുറപ്പെടുവിച്ചു. ഒക്ടോബർ 25-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രസ്തുത നിയമം, ഇന്ധന സ്റ്റേഷനുകൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും, നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും, ലൈസൻസുകൾക്കും പുതുക്കലുകൾക്കുമുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിനും, സ്റ്റേഷനുകളിലും അവയുടെ സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നു. ഇന്ധന സ്റ്റേഷനുകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ കമ്മിറ്റി നിർണ്ണയിക്കുകയും, സ്റ്റേഷൻ പരിസരത്ത് സുരക്ഷിതമായ അകലം നിശ്ചയിക്കുകയും, അടിയന്തര സാഹചര്യങ്ങൾക്കുള്ള അവരുടെ സന്നദ്ധത വിലയിരുത്തുകയും ചെയ്യും. അതോടൊപ്പം ഈ നിയമപ്രകാരം, ഓപ്പറേറ്റർമാർ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം, സാധ്യമായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം, ജീവനക്കാരെ പരിശീലിപ്പിക്കണം, അടിയന്തര പ്രതികരണ പദ്ധതികൾ തയ്യാറാക്കണം.
നിയമത്തിലെ 7-ാം അനുച്ഛേദം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായാൽ, ലൈസൻസ് ഉടമയെ വിവരം അറിയിക്കാനും, സാഹചര്യം പരിഹരിക്കുന്നതിനായി അവർക്ക് മതിയായ സമയം അനുവദിക്കാനും സമിതിക്ക് അധികാരമുണ്ട്.
അതേസമയം ഗുരുതരമായ ലംഘനങ്ങൾക്ക് കർശന നടപടിയുണ്ടാകും. ഇന്ധന വിതരണം നിർത്തിവെക്കുകയോ, സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടുകയോ ചെയ്തേക്കാം. സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടതിന് ശേഷവും ഒരു സ്ഥാപനം പ്രവർത്തിപ്പിക്കുകയാണെങ്കിൽ, ഒരു വർഷം വരെ തടവുശിക്ഷയും 2 ദശലക്ഷം ഖത്തർ റിയാൽ (QR) വരെ പിഴയും ലഭിക്കാവുന്നതാണ്. മറ്റ് ലംഘനങ്ങൾക്ക് 1 ദശലക്ഷം ഖത്തർ റിയാൽ (QR) വരെ പിഴ ചുമത്താം. ഈ നിയമത്തിന്റെ പരിധിയിൽ വരുന്നവർ, നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ തങ്ങളുടെ സ്ഥിതി ക്രമപ്പെടുത്തേണ്ടതാണ്. ഊർജ്ജ കാര്യങ്ങൾക്കായുള്ള സഹമന്ത്രിക്ക് (Minister of State for Energy Affairs) സമയപരിധി ഒന്നോ അതിലധികമോ തവണ നീട്ടിനൽകാൻ അധികാരമുണ്ടായിരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
