ദുബായ്: വിലക്കുറവില്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍.
ഉപയോഗിച്ചതും ഉറവിടം അറിയാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നത് അപകടകരമാണെന്ന് യുഎഇ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ഫോണുകളില്‍ വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകള്‍ (മാല്‍വെയറുകള്‍) ഉണ്ടാകാന്‍ ഇടയുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ വിലപ്പെട്ട വിവരങ്ങള്‍ ചോരുന്നതിന് പുറമേ ഫോണ്‍ ഉപയോഗിക്കുന്നയാളെ തുടര്‍ച്ചയായി ട്രാക്ക് ചെയ്യാനും സാധ്യതയുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിരീക്ഷണ ആപ്ലിക്കേഷനുകളിലൂടെ വ്യക്തി വിവരങ്ങളും ഫോട്ടോകളും വിഡിയോകളും നിരീക്ഷിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് അപകടമാണെന്നു സാങ്കേതിക വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫഖി പറഞ്ഞു.
ഉപയോഗിച്ച ഫോണുകള്‍ ലഭിച്ചാല്‍ ആദ്യം ഫാക്ടറി റീസെറ്റ് ചെയ്യണം. കൂടാതെ ഓപറേറ്റിങ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുക, വിശ്വസനീയമായ സൈബര്‍ സുരക്ഷ, സ്വകാര്യതാ സംരക്ഷണ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അപരിചിതര്‍ ഉപയോഗിച്ച ഫോണുകള്‍ വാങ്ങാതിരിക്കുക. ഇത്തരം തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്നും രാജ്യാന്തര സൈബര്‍ സുരക്ഷ കമ്പനിയായ കാസ്പറസ്‌കിയിലെ ഡിജിറ്റല്‍ സുരക്ഷാ വിദഗ്ധന്‍ ഇമാദ് അല്‍ ഹഫാര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
