ദോഹ: ഖത്തറിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനായി വിസിറ്റ് ഖത്തര്‍ നടത്തുന്ന ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ അയക്കാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും. പ്രാവസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്കായി നടത്തുന്ന ‘ഖത്തര്‍ ത്രൂ യുവര്‍ ലെന്‍സ്’ വീഡിയോ മത്സരത്തില്‍ രാജ്യത്തിന്റെ സംസ്‌കാരം, ജീവിതശൈലി, അനുഭവങ്ങള്‍ എന്നിവയുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍ പകര്‍ത്തി എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച മത്സരത്തില്‍ ഡിസംബര്‍ 20വരെ എന്‍ട്രികള്‍ അയക്കാം. അടുത്ത വര്‍ഷം ജനുവരി ആദ്യവാരത്തില്‍ വിജയികളെ പ്രഖ്യാപിക്കും.
30 മുതല്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വ വീഡിയോ അല്ലെങ്കില്‍ മത്സരത്തിന്റെ തീമുകളിലൊന്ന് പകര്‍ത്തിയ ഒരു ഫോട്ടോയും എന്‍ട്രിയായി സമര്‍പ്പിക്കാം. ഖത്തര്‍ ബൈ നൈറ്റ്, ബീച്ച് ആന്‍ഡ് കോസ്റ്റല്‍, കലയും സംസ്‌കാരവും, പൈതൃകം, കായിക പരിപാടികള്‍, പാചകശാസ്ത്രം എന്നിവ തീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ എന്‍ട്രികളും ഒറിജിനല്‍ ആയിരിക്കണം. ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക വിസിറ്റ് ഖത്തര്‍ അക്കൗണ്ടില്‍ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടണം.
വീഡിയോ, ഫോട്ടോ വിഭാഗങ്ങളിലായി വിജയികള്‍ക്ക് ആകെ 600,000 ഖത്തര്‍ റിയാല്‍ വരെയാണ് സമ്മാനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ‘വിസിറ്റ് ഖത്തര്‍’ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഇന്‍സ്റ്റാഗ്രാമില്‍ @VisitQatar എന്ന വിലാസത്തില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
