അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ നിര്‍ബന്ധമാക്കി. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഓഫര്‍ ലെറ്റര്‍ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫര്‍ ലെറ്ററാണു നിയമനത്തിന്റെ ആദ്യ പടിയെന്നും മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക സുരക്ഷാ ഇന്‍ഷുറന്‍സ് എടുക്കണം. തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് മന്ത്രാലയം അംഗീകരിച്ച തൊഴില്‍ കരാറും നിര്‍ബന്ധമാണ്. പ്രാഥമിക തൊഴില്‍ വാഗ്ദാനങ്ങള്‍ക്കു സ്ഥിരീകരണം ലഭിക്കണമെങ്കില്‍ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കണം. ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും ഓഫര്‍ ലെറ്റര്‍ അടിസ്ഥാനമാക്കി കരാറില്‍ രേഖപ്പെടുത്തണം. താല്‍ക്കാലിക ജോലിയും സന്ദര്‍ശക വീസയില്‍ ലഭിക്കുന്ന ജോലിയും മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ളതല്ല. രാജ്യത്തെ തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലഭിക്കുന്ന നിയമനങ്ങള്‍ക്ക് സാധുതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത തൊഴില്‍ കരാറുകള്‍ക്ക് അംഗീകാരം നല്‍കില്ല. ഓഫര്‍ ലെറ്ററില്‍ പറഞ്ഞതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാലും കുറയാന്‍ പാടില്ല. കുറഞ്ഞാല്‍ തൊഴില്‍ കരാറിന് അംഗീകാരം ലഭിക്കില്ല. ഓഫര്‍ ലെറ്ററുമായി യോജിക്കാത്ത തൊഴില്‍ കരാറുകള്‍ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
