കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നവര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് വിമാനത്താവളം അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം പുറത്തിറക്കിയിരുന്നു. അതേസമയം കൊച്ചി വിമാനത്താവളം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തില്‍ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തില്‍ യാത്രക്കാര്‍ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
