തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കൂടുതല്‍ സമയം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
വിമാനത്താവളത്തില്‍ എത്തുന്നവര്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ എത്തിച്ചേരണമെന്നും വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അതേസമയം രാജ്യത്ത് ചില വിമാനത്താവളങ്ങള്‍ അടച്ചിടുകയും വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ നിലയെന്താണെന്ന് യാത്രക്കാര്‍ പരിശോധിക്കണം.
അതേസമയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരുന്നു. ഇതുവരെ 24 വിമാനത്താവളങ്ങള്‍ മാത്രമാണ് അടച്ചിട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
