ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി പ്രതികരിച്ചു. തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
അതേസമയം ആക്രമണം നടത്തിയെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. രാത്രി എട്ട് മണിയോടെ ഇവിടെയെത്തുന്ന അദ്ദേഹം ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദര്‍ശിക്കുമെന്നാണ് വിവരം. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി നേരത്തെ സംസാരിച്ചിരുന്നു. സൗദിയില്‍ നിന്ന് ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.
ഹൃദയഭേദകമായ സംഭവം എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
പെഹല്‍ഗാമില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരില്‍ ഒരാള്‍ കര്‍ണാടകത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മഞ്ജുനാഥ റാവുവാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
