ഖത്തറില്‍ നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഔഖാഫ് മന്ത്രാലയം

awqaf ministry qatar

ദോഹ: ഖത്തറില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സിക്കാന്‍ കഴിയാത്ത നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് സഹായവുമായി ഖത്തര്‍ എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലില്‍ 70 ഹൃദ്രോഗികളുടെ ചികിത്സയ്ക്കായി ഔഖാഫ് മന്ത്രാലയം സഹായം നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിയന്തര പരിചരണം ആവശ്യമുള്ളവരും ചികിത്സാ ചെലവുകള്‍ക്ക് ബുദ്ധിമുട്ടുള്ളവരുമായ രോഗികള്‍ക്ക് മന്ത്രാലയത്തിന് കീഴിലുള്ള നബ്ദ് എന്‍ഡോവ്മെന്റിന്റെ ഭാഗമായാണ് സഹായം നല്‍കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ്സിന്റെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹസ്സന്‍ അബ്ദുല്ല അല്‍-മര്‍സൂഖി പറഞ്ഞു.

ഹെല്‍ത്ത്‌കെയര്‍ എന്‍ഡോവ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തില്‍ 2020 ല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി. ഉദാരമതികളുടെ സഹായങ്ങള്‍ കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബ്ദ് എന്‍ഡോവ്മെന്റ് വഴി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് എന്‍ഡോവ്മെന്റ് നല്‍കുന്ന പിന്തുണ ഹൃദ്രോഗികള്‍ക്ക് ഏറെ സഹായകരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കടുത്ത ഹാര്‍ട്ട് ഹോസ്പിറ്റലിലെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ വാഹിദ് അല്‍-മുല്ല പറഞ്ഞു. രോഗികളുടെ താമസ, ചികിത്സാ ചെലവുകളും എന്‍ഡോവ്മെന്റ് വഹിക്കും. ഇതുവരെയുള്ള നബ്ദ് എന്‍ഡോവ്മെന്റില്‍ ആകെ 200 ഗുണഭോക്താക്കളാണുള്ളത്.

യഥാര്‍ഥത്തില്‍ പിന്തുണ അര്‍ഹിക്കുന്ന രോഗികള്‍ക്കാണ് സഹായം ഉറപ്പാക്കുന്നത്. രോഗിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും സാഹചര്യങ്ങളും സോഷ്യല്‍ സര്‍വീസസ് വകുപ്പും ക്ലിനിക്കല്‍ കേസ് കോ ഓര്‍ഡിനേറ്റര്‍മാരുടെ യൂണിറ്റും വിശദമായി പരിശോധിച്ച ശേഷമാണ് അര്‍ഹരായവരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like