കൊച്ചി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ (NSW) വയോജനപരിചരണം, നഴ്‌സിംങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോര്‍ക്ക റൂട്ട്‌സ്, കെ-ഡിസ്‌ക്, ദ മൈഗ്രേഷന്‍ ഏജന്‍സി) ധാരണാപത്രം(MoU) ഒപ്പിട്ടു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, ദ മൈഗ്രേഷന്‍ ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടര്‍ സാറാ താപ്പ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ന്യൂ സൗത്ത് വെയില്‍സിലെ വയോജന പരിപാലനം, നഴ്‌സിംഗ് മേഖലകളിലുള്ള വിദഗ്ദ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ പരിശീലിപ്പിച്ച് റിക്രൂട്ട്‌ചെയ്യുകയാണ് ലക്ഷ്യം. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് NSWവിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്‌മെന്റ്. കെ-ഡിസ്‌ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം. റിയാസ്, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സാറാ താപ്പ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ഓസ്‌ട്രേലിയയിലേയ്ക്ക് നിരവധി അവസരങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ധാരണാപത്രമെന്ന് അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.
ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലെ ഓസ്‌ട്രേലിയന്‍ പവിലിയനില്‍ നടന്ന ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ ചെന്നൈയിലെ ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡേവിഡ് എഗ്ലസ്റ്റണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രതിനിധികളായ ട്രേഡ് & ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ മാലിനി ദത്ത്, ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഇന്ത്യ) ഡയറക്ടര്‍, സുചിത ഗോകര്‍ണ്‍, നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബി. സുനില്‍കുമാര്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ രശ്മി റ്റി, എന്നിവരും ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകോത്തരമായ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും അത്യാധുനിക ആരോഗ്യസൗകര്യങ്ങളുമുളള ന്യൂ സൗത്ത് വെയില്‍സില്‍ നിലവില്‍ 18,000 ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് ജോലിചെയ്യുന്നത്. 2036 ഓടെ ഇത് 50,000 മായി ഉയരുമെന്നും മാലിനി ദത്ത് അഭിപ്രായപ്പെട്ടു. ടെക്‌നോളജി, എഞ്ചിനീയറിംഗ്, ട്രേഡ് മേഖലകളിലെ കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളെ ഓസ്‌ട്രേലിയന്‍ തൊഴില്‍സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും സാറാ താപ്പയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
