തൃശ്ശൂര്‍: തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലേക്ക് തടികയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. ആറുപേര്‍ക്ക് പരിക്കേറ്റു.12 പേരടങ്ങുന്ന സംഘത്തില്‍ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സില്ലാത്ത ക്ലീനര്‍ മദ്യപിച്ച് വണ്ടിയോടിച്ചാണ് അപകടമുണ്ടാക്കിയത്. അറസ്റ്റിലായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിര മനപൂര്‍വ്വമായ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടികയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നാട്ടിക തൃപ്രയാര്‍ ദേശീയ പാതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റോഡിലേക്ക് ഡിവൈഡര്‍ തകര്‍ത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു. ഇതു തകര്‍ത്ത് അമ്പത് മീറ്ററോളം കടന്നാണ് റോഡില്‍ കിടന്നുറങ്ങുന്ന പതിനൊന്നംഗ സംഘത്തിന് മുകളിലേക്ക് ലോറി ഇടിച്ചു കയറിയത്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ പതിനൊന്നംഗ സംഘമായിരുന്നു റോഡില്‍ കിടന്നുറങ്ങിയത്.
അപകടം നടന്നതിന് പിന്നാലെ ലോറി മുന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ നോക്കി. സര്‍വ്വീസ് റോഡിലൂടെ എടുത്തെങ്കിലും വഴി അവസാനിച്ചതിനാല്‍ മുന്നോട്ട് പോകാനായില്ല. അപ്പോഴേക്കും പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ ലോറിയിലുണ്ടായിരുന്നവരെ പിടികൂടി. ലോറിയുടെ ക്ലീനര്‍ അലക്‌സായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഡ്രൈവര്‍ ജോസും വണ്ടിയിലുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം മാഹിയില്‍ വച്ച് മദ്യപിച്ചു. മലപ്പുറത്തുവച്ചാണ് ഡ്രൈവര്‍ ക്ലീനര്‍ക്ക് വണ്ടി കൈമാറിയത്.
കാളിയപ്പന്‍, നാഗമ്മ, ബംഗാരി, നാലു വയസ്സുകാരന്‍ ജീവന്‍, ഒരുവയസ്സുകാരന്‍ വിശ്വ എന്നിവരാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാന്‍സിയുടെ നില അതീവ ഗുരുതരമാണ്. ദേവര്‍ധനന്‍, ചിത്ര, വിജയ്, ശിവാനി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. അതേസമയം വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായി ഗതാഗത മന്ത്രി അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
