അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെ രാജിവെച്ചു, ഭരണസമിതി പിരിച്ചുവിട്ടു

IMG 20240827 WA0005

കൊച്ചി: മലയാള സിനിമാ സംഘടനായ അമ്മയില്‍ കൂട്ടരാജി. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ അംഗങ്ങള്‍ രാജിവെച്ചു. ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. അമ്മയിലെ അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കൂട്ടരാജി. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ രാജിക്കത്ത്:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.

ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ഭരണസമിതി അംഗമായ സിദ്ദിഖ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ക്കെതിരെ ആരോപണവുമായി യുവനടികളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് സിനിമാ സംഘടനയായ അമ്മ ഭരണസമിതിയുടെ കൂട്ടരാജി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like