കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളിയായ ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ്സ ജോസഫ് നാട്ടില്‍ തിരിച്ചെത്തി. തൃശൂര്‍ സ്വദേശിനിയായ യുവതി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
അതേസമയം ഇറാന്‍ പിടിച്ചെടുത്ത എം എസ് സി ഏരീസ് കപ്പലിലെ മറ്റ് 16 ക്രൂ അംഗങ്ങളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പല്‍ ഇറാന്‍ ഗാര്‍ഡ് പിടിച്ചെടുത്തത്. എന്നാല്‍ സമുദ്രനിയമങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
