ദോഹ: ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ഉടൻ. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ രജിസ്ട്രേഷന് അവസരമുണ്ടെന്ന് ഖത്തർ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഖത്തറിന് അനുവദിച്ചിട്ടുള്ള ക്വോട്ട 4,400 തീർത്ഥാടകരുടേതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അപേക്ഷകർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഖത്തറിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് ഹജ്ജ്-ഉംറ വിഭാഗവുമായി ഓൺലൈനായി ബന്ധിപ്പിച്ചിട്ടുണ്ട് . അതേസമയം അപേക്ഷികരായ ഖത്തരി പൗരന്മാർക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. ഇവർക്ക് ഒപ്പം മൂന്ന് പേരെ വരെ ഉൾപ്പെടുത്താവുന്നതാണ്. മറ്റ് താമസക്കാരും ജിസിസി (GCC) പൗരന്മാരുമായ അപേക്ഷികർക്ക് കുറഞ്ഞത് 45 വയസ് കഴിഞ്ഞിരിക്കണം. മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവരും ആയിരിക്കണം. ഇവർക്ക് ഒരാളെ കൂടി ഒപ്പം ഉൾപ്പെടുത്താം. ഈ വിഭാഗത്തിൽപ്പെട്ട അപേക്ഷകർ കുറഞ്ഞത് 15 വർഷമെങ്കിലും ഖത്തറിൽ തുടർച്ചയായി താമസിച്ചിട്ടുള്ളവരായിരിക്കണം.
രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം അപേക്ഷകളുടെ ഇലക്ട്രോണിക് പരിശോധന നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഒക്ടോബർ അവസാനം മുതൽ എസ്എംഎസ് (SMS) വഴി അറിയിപ്പ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
