മസ്കത്ത്: ഒമാനിൽ ഉപയോഗിച്ച വാഹന സ്പെയർ പാർട്സുകളുടെ വ്യാപാരം, വിൽപ്പന, ഘടിപ്പിക്കൽ, ഉപയോഗം എന്നിവ നിയന്ത്രിച്ചുകൊണ്ട് ഒമാനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CPA) ഉത്തരവ്. വിൽപ്പനയ്‌ക്കോ വ്യാപാരത്തിനോ പാടില്ലാത്ത ഘടകങ്ങളുടെ പട്ടികയും അതോറിറ്റി പുറത്തുവിട്ടു.
ഉപഭോക്താക്കൾക്കുള്ള വാറന്റി, വിവര വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതാണ് പുതിയ ഉത്തരവ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ്, പെയിന്റിംഗ്, ബോഡി വർക്ക് എന്നിവ നടത്തുന്ന വർക്ക്‌ഷോപ്പുകൾക്കും കേന്ദ്രങ്ങൾക്കും, അതുപോലെ ഉപയോഗിച്ച വാഹന സ്പെയർ പാർട്സുകളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. പുതിയ ചട്ടങ്ങൾ പ്രകാരം, ഉത്തരവിനൊപ്പമുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉപയോഗിച്ച സ്പെയർ പാർട്സുകളുടെ വ്യാപാരം നടത്തുന്നതിൽ നിന്ന് വിതരണക്കാരെ വിലക്കിയിട്ടുണ്ട്.
ബ്രേക്ക് പാഡുകൾ, ബ്രേക്ക് ലൈനിംഗുകൾ, വീൽ ഹബ് ബെയറിംഗുകൾ, ക്ലച്ച് ഡിസ്കുകൾ, സ്പാർക്ക് പ്ലഗുകൾ, എയർ ഫിൽട്ടറുകൾ, എൻജിൻ-ഗിയർബോക്സ് ഓയിൽ ഫിൽട്ടറുകൾ തുടങ്ങിയ സുരക്ഷയുമായും പ്രവർത്തനക്ഷമതയുമായും ബന്ധപ്പെട്ട ഘടകങ്ങൾ വില്പന നടത്തുന്നത് നിരോധിച്ചു. ഷോക്ക് അബ്‌സോർബറുകൾ, എൻജിൻ മൗണ്ടുകൾ, ഗിയർബോക്സ് മൗണ്ടുകൾ, കാറ്റലിറ്റിക് കൺവെർട്ടറുകൾ എന്നിവയുൾപ്പെടെ, ഒരു വർഷത്തിലധികം ഉപയോഗിച്ച ചില സ്പെയർപാർട്സുകളും വിൽപ്പന നടത്തരുതെന്നാണ് പുതിയ ഉത്തരവ്. വിൽക്കുകയോ ഘടിപ്പിക്കുകയോ ചെയ്യുന്ന യൂസ്ഡ് സ്പെയർ പാർട്സുകൾക്ക്, വിതരണക്കാരനും ഉപഭോക്താവും തമ്മിൽ ധാരണയിലായ വ്യവസ്ഥകൾ പ്രകാരം വാറന്റി നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.
നിയമലംഘനം നടത്തുന്നവർക്ക്, ഒമാനിലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ക്രിമിനൽ ശിക്ഷകൾക്ക് പുറമേ, 1,000 ഒമാനി റിയാൽ (OMR) വരെ ഭരണപരമായ പിഴയും ചുമത്താവുന്നതാണ്. ആവർത്തിച്ചുള്ള നിയമലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കുന്നതാണ്. നിയമലംഘനം തുടരുകയാണെങ്കിൽ, പ്രതിദിനം 50 ഒമാനി റിയാൽ (OMR) വരെ അധിക ഭരണപരമായ പിഴ ചുമത്തും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
