ദുബായ്: ദുബായില്‍ സുഹൃത്തിന്റെ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ച് കൊറിയര്‍ കൈപ്പറ്റിയ പ്രവാസി യുവതിക്ക് തടവും നാടുകടത്തലും വിധിച്ചു. ലഹരിമരുന്ന് കലര്‍ത്തിയ കടലാസുകള്‍ അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാന്‍ സുഹൃത്തിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ച മധ്യേഷ്യന്‍ യുവതിക്കാണ് ദുബായ് കോടതി മൂന്നുമാസം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
അതേസമയം, കേസില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ടിന്റെ ഉടമയായ സുഹൃത്തിനെ കോടതി കുറ്റവിമുക്തയാക്കി. ഈ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ദുബായിലെത്തിയ പാഴ്‌സലില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയും വിശദമായ പരിശോധനയില്‍ പായ്ക്കറ്റില്‍ ലഹരിവസ്തുക്കള്‍ കലര്‍ത്തിയ പേപ്പറുകളാണ് ഉള്ളതെന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ അധികൃതര്‍ പാഴ്‌സല്‍ കൈപ്പറ്റാനെത്തുന്നയാളെ പിടികൂടാനായി നിരീക്ഷണ നടപടികള്‍ ആരംഭിച്ചിരുന്നു. അന്വേഷണ രേഖകള്‍ പ്രകാരം പാഴ്‌സല്‍ കൈപ്പറ്റാന്‍ ഷിപ്പിങ് കമ്പനിയുടെ ഓഫിസിലെത്തിയ യുവതി അത് തന്റേതാണെന്ന് അവകാശപ്പെട്ട് സുഹൃത്തിന്റെ പാസ്പോര്‍ട്ടിന്റെ പ്രിന്റ് എടുത്ത പകര്‍പ്പാണ് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിച്ചത്. ഉടന്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതി തന്റെ പേര് പാസ്പോര്‍ട്ട് പകര്‍പ്പിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. എന്നാല്‍ ഡേറ്റ പരിശോധനയില്‍ ഇവര്‍ മറ്റൊരാളുടെ പാസ്പോര്‍ട്ട് പകര്‍പ്പാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി. പാസ്പോര്‍ട്ട് ഉടമയെ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. എന്നാല്‍ പാഴ്‌സലിനെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലെന്ന് സുഹൃത്ത് കോടതിയില്‍ മൊഴി നല്‍കി.
ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ദുബായില്‍ താമസിക്കുമ്പോഴാണ് രണ്ട് സ്ത്രീകളും പരിചയപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. യുഎഇയിലേക്ക് വീണ്ടും സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുന്നതിന് സഹായിക്കാനായി മാത്രമാണ് താന്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയതെന്ന് സുഹൃത്ത് പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ പ്രതി ഈ പകര്‍പ്പ് കൈവശം വയ്ക്കുകയും അനധികൃത പാഴ്‌സല്‍ കൈപ്പറ്റാന്‍ ഉപയോഗിക്കുകയുമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
