കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിലവിലുള്ള ഗതാഗത നിയമലംഘന കേസിന്റെ പേരില്‍ കുവൈത്തില്‍ പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് തടഞ്ഞ് ഇന്ത്യന്‍ എംബസി. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കുവൈത്തില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി മുഹ്‌സിന്‍ സുര്‍ത്തിയുടെ പാസ്‌പോര്‍ട്ടാണ് എംബസി തടഞ്ഞത്.
തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ലുനാവാഡ പൊലീസ് സ്റ്റേഷനിലാണ് മുഹ്‌സിനെതിരെ കേസ് നിലവിലുള്ളത്. ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിരസിക്കുകയായിരുന്നു. 2016ല്‍ അനുവദിച്ച മുഹ്സിന്‍ സുര്‍ത്തിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2026 ജനുവരി 30ന് കാലഹരണപ്പെടും. 2025 ഓഗസ്റ്റ് ഏഴിനാണ് മുഹ്സിന്‍ പാസ്‌പോര്‍ട്ട് പുതുക്കലിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷിച്ചത്. എന്നാല്‍ ഓഗസ്റ്റ് 25ന്, ഇന്ത്യയില്‍ നിലവിലുള്ള കേസ് ചൂണ്ടിക്കാട്ടി എംബസി അപേക്ഷ നിരസിക്കുകയായിരുന്നു.
താല്‍ക്കാലിക പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പോലും കേസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ടോ കോടതി ഉത്തരവോ ഹാജരാക്കണമെന്ന് എംബസി മുഹ്‌സിന്‍ സുര്‍ത്തിയെ അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കിയില്ലെങ്കില്‍ കുവൈത്തില്‍ നാടുകടത്തല്‍ അടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് മുഹ്‌സിന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മുഹ്‌സിന്‍ സുര്‍ത്തിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ വഴി വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് എംബസി പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിസമ്മതിച്ചതെന്നും മുഹ്സിന്‍ സുര്‍ത്തി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
