വാഷിങ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ തീപിടിച്ചു. ടേക്ക് ഓഫിനിടെ ഡെന്‍വര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന്, യാത്രക്കാരെ സാഹസികമായി ഒഴിപ്പിച്ചു. ബോയിങ് 737 മാക്‌സ് 8 വിമാനത്തിന്റെ ആഭ്യന്തര സര്‍വീസിനിടെയാണ് സംഭവം.
ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നും മിയാമിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് തീയും പുകയും ഉയര്‍ന്നത്. 173 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്നും പുക ഉയരുന്നതിന്റെയും എമര്‍ജന്‍സി എക്‌സിറ്റിലൂടെ യാത്രക്കാര്‍ പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തില്‍ നിന്നും പുക ഉയരുന്നതും പരിഭ്രാന്തരായി യാത്രക്കാര്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ലിന്ഡിങ് ഗിയറിലുണ്ടായ പ്രശ്‌നമാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 2.45 തിനാണ് സംഭവമുണ്ടായത്. വൈകിട്ട് 5.10 ത്തോടെ തീ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
