ദോഹ: ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിച്ച് മന്ത്രിസഭായോഗം. ആക്രമണത്തെ വിജയകരമായി തടഞ്ഞതില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെ നേതൃത്വത്തില്‍ ഖത്തര്‍ സായുധ സേന വഹിച്ച പങ്കിനെ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മന്ത്രിസഭ പ്രശംസിച്ചു. ദൈവത്തിന്റെ അനുഗ്രഹത്താല്‍, സായുധ സേനയുടെ സന്നദ്ധതയും ജാഗ്രതയും സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും കാരണം, ആക്രമണത്തില്‍ മരണമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും മന്ത്രിസഭ വ്യക്തമാക്കി.
ഇറാനിയന്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നഗ്‌നമായ ലംഘനമായും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമായും ആക്രമത്തെ കണക്കാക്കുന്നതായി യോഗം വിലയിരുത്തി.
ഖത്തറിലെ യുഎസ് വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈലാക്രമത്തെ അപലപിച്ച സഹോദര സൗഹൃദ രാജ്യങ്ങള്‍ക്ക് മന്ത്രിസഭായോഗം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്യുന്നതായും ഇരു കക്ഷികളും കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭ അറിയിച്ചു. മേഖലയിലും ലോകമെമ്പാടും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്തുന്നതിനായുള്ള ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെയും മന്ത്രിസഭായോഗം എടുത്തുകാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
