ഖത്തറില്‍ ഫാമിലി വിസയിലുള്ളവര്‍ക്ക് ഇനി ജോലി കിട്ടാന്‍ എളുപ്പം

qatar al 2

ദോഹ: ഖത്തറില്‍ ഫാമിലി റസിഡന്‍സി ഉള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. ഇതിലൂടെ മറ്റ് വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ വൈദഗ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും.

തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ കോണ്‍ട്രാക്ട് അറ്റസ്റ്റേഷന്‍സ് വകുപ്പ് മേധാവി ഗാനേം റാഷിദ് അല്‍ ഗാനേം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളായ തൊഴിലാളികളുടെ പങ്കാളികള്‍ (ഭാര്യ, ഭര്‍ത്താവ്), മുതിര്‍ന്ന കുട്ടികള്‍ തുടങ്ങിയ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് ഓതറൈസേഷന്‍ ലഭിക്കും. ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ”ജോയിന്‍ ദി ലേബര്‍ മാര്‍ക്കറ്റ്” എന്ന ഓപ്ഷനില്‍ അപേക്ഷിക്കണം. യോഗ്യരായ തൊഴിലന്വേഷകര്‍ക്ക് സ്വന്തമായി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. കുടുംബ റസിഡന്‍സി/ ഫാമിലി റസിഡന്‍സി ഉടമയ്ക്കോ അല്ലെങ്കില്‍ തൊഴിലുടമയ്ക്കോ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ സാധിക്കും.

ഈ രണ്ട് ഓപ്ഷനുകള്‍ക്കും അപേക്ഷിക്കുന്നതിന് മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട്. അപേക്ഷകന് സാധുവായ ഒരു ഖത്തര്‍ ഐഡി ഉണ്ടായിരിക്കണം. ആക്ടീവായ റസിഡന്‍സി സ്റ്റാറ്റസ് നിലനിര്‍ത്തിയിരിക്കണം. നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും, അപേക്ഷയില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ അപേക്ഷകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

അതേസമയം ഫാമിലി വിസയില്‍ ഉള്ളവരെ ജോലിക്ക് നിയമിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ തൊഴില്‍ നിയമം പൂര്‍ണ്ണമായും പാലിച്ചിരിക്കണം. സുതാര്യത ഉറപ്പാക്കാന്‍ എല്ലാ അപേക്ഷകളും നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴിയായിരിക്കണം സമര്‍പ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഈ സേവനം ഉപയോഗിക്കാം.വിദേശത്ത് നിന്ന്  ജോലിക്കായി നിയമനം നടത്തുന്നതിന് പകരം രാജ്യത്ത് താമസിക്കുന്നവരിലെ കഴിവുള്ളര്‍ക്ക് നിയമനം ലഭിക്കാന്‍ ഇതിലൂടെ കഴിയും.

അപേക്ഷകള്‍ തൊഴില്‍ മന്ത്രാാലയം വിശദമായി പരിശോധിച്ച ശേഷമായിരിക്കും അംഗീകാരം ലഭിക്കുക. തുടര്‍ന്ന് നിശ്ചിത തുക ഫീസ് അടയ്ക്കണം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരവും നേടണം. അപേക്ഷകന്റെ വ്യക്തിയുടെ റെസിഡന്‍സി സ്റ്റാറ്റസ് കുടുംബ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള റെസിഡന്‍സിയിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like