ഷാര്‍ജ: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധാരണയായി നിര്‍ദേശിക്കുന്ന സ്റ്റാറ്റിന്‍ ഗ്രൂപ്പ് മരുന്നുകള്‍ ചിലതരം രക്താര്‍ബുദ രോഗികളുടെ അതിജീവന നിരക്കു വര്‍ധിപ്പിക്കുമെന്നു പഠനം. ഷാര്‍ജ യൂണിവേഴ്‌സിറ്റിയും ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഷാര്‍ജ സര്‍വകലാശാലയിലെ ഫാര്‍മസി പ്രാക്ടീസ് ആന്‍ഡ് തെറാപ്യൂട്ടിക്‌സ് അസിസ്റ്റന്റ് പ്രഫ. ഡോ. അഹമ്മദ് അബുഹെല്‍വയുടെ നേതൃത്വത്തില്‍ ബുര്‍ജീല്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, മോഫിറ്റ് കാന്‍സര്‍ സെന്റര്‍ (യുഎസ്എ), ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി (ഓസ്‌ട്രേലിയ) എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. സ്റ്റാറ്റിന്‍ ഗ്രൂപ്പ് മരുന്നുകള്‍ എടുക്കുന്ന രോഗികള്‍ക്ക് അര്‍ബുദം മൂലം മരിക്കാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഈ മരുന്നുകളുടെ ഉപയോഗം ഗുരുതര പാര്‍ശ്വഫല അപകട സാധ്യതയും കുറയ്ക്കുന്നു.
ആരോഗ്യസംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അര്‍ബുദം പോലുള്ള സങ്കീര്‍ണ രോഗങ്ങള്‍ക്ക് നൂതന പരിഹാരങ്ങള്‍ നല്‍കുന്നതിനും ഫലപ്രദമായ ശാസ്ത്രീയ പഠനങ്ങള്‍ ഗുണകരമാകുമെന്ന് ഷാര്‍ജ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഫാര്‍മസി ഡീന്‍ ഡോ. കരീം അല്‍ സൂബി പറഞ്ഞു. പഠന ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി കാന്‍സര്‍ ചികിത്സയ്ക്കായി സ്റ്റാറ്റിനുകള്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഭാവിയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു.
ഓങ്കോളജിസ്റ്റുകള്‍ എന്ന നിലയില്‍ രോഗിയുടെ അതിജീവനം മെച്ചപ്പെടുത്തുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ തേടുന്നതു തുടരുമെന്ന് ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും ഗവേഷണ അംഗവുമായ പ്രഫ. ഹുമൈദ് അല്‍ ഷംസി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
