ബ്ലാക്‌മെയിലിംഗ് ഇന്ത്യയില്‍ ചെലവാകില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു: പ്രധാനമന്ത്രി

1q 46

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓര്‍മ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചര്‍ച്ച നടന്നാല്‍ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.

പഹല്‍ഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാര്‍ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നില്‍ ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേര്‍ പിടഞ്ഞുവീണ് മരിച്ചു. മതത്തിന്റെ പേരിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല. അതില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാനില്‍ ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്നു കയറി ഇന്ത്യ മറുപടി നല്‍കി. ഭീകരര്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂരിലൂടെ നീതി നടപ്പായിരിക്കുന്നു. ബവല്‍പൂരിലും, മുരിട്‌കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആ കേന്ദ്രങ്ങള്‍ ഭാരതം ഭസ്മമാക്കി കളഞ്ഞു. ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ് ഇല്ലാതായത്.

നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം ഭീകരര്‍ മായ്ച്ചു. നമ്മള്‍ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകര്‍ത്തിട്ടു. വായുസേന പാകിസ്ഥാന്റെ എയര്‍ ബേസുകള്‍ തകര്‍ത്തു. പാകിസ്ഥാന്‍ ഭയന്ന് ലോകം മുഴുവന്‍ രക്ഷ തേടി. നിവൃത്തിയില്ലാതെ വന്നതോടെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഡിജിഎമ്മിനെയും വിളിച്ചു. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന് കേണപേക്ഷിച്ചു, വെടിനിര്‍ത്തലിന് യാചിച്ചു.

ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂര്‍ണ വിരാമമായെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ബ്ലാക് മെയ്ലിങ് ഇന്ത്യയില്‍ ചെലവാകില്ല. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കും. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകര്‍ക്കുമെന്നും മോദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like