വാഷിങ്ടണ്‍: പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടക്കവെയാണ് പോപ്പായി വേഷമിട്ട ചിത്രം പങ്കുവെച്ച് ട്രംപ് രംഗത്തെത്തിയത്. തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിന് പിന്നാലെയാണ് പോസ്റ്റും എത്തിയത്.
പോസ്റ്റിന് പിന്നാലെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി .അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായുളള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സിസ്റ്റിന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് നടക്കുക.പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോണ്‍ക്ലേവ് തുടരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
