ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളുടെ ഉള്ളടക്കം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ദേശീയ നിലവാരം പുലര്‍ത്തുന്ന രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകളുടെ ഡയറക്ടര്‍മാര്‍ക്കായാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MOEHE) മൂല്യനിര്‍ണ്ണയ കാര്യ വിഭാഗം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മിഡ് ടേം പരീക്ഷകളുടെ സിലബസിന്റെ ഭാഗങ്ങള്‍ ഒന്നു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാനഘട്ട പരീക്ഷകളില്‍ (ലാസ്റ്റ് ടേം എക്‌സാം) ആവര്‍ത്തിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടേം രണ്ട് സിലബസിന്റെ രണ്ടാം പകുതിയില്‍ യൂണിഫൈഡ് അച്ചീവ്‌മെന്റ് ടെസ്റ്റുകള്‍ തുടരണമെന്നും സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു.
സര്‍ക്കുലര്‍ അനുസരിച്ച്, മുതിര്‍ന്ന കുട്ടികളുടെ പഠനം, ഗൃഹപാഠം (ഹോം സ്‌കൂളിംഗ്) എന്നിവ ഉള്‍പ്പെട്ട ഒന്ന് മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ ഗ്രേഡിംഗ് സംവിധാനം മാറ്റമില്ലാതെ തുടരും. ഒന്നാം ടേം പരീക്ഷകള്‍ക്ക് ഒന്നാം ടേം സിലബസ് മുഴുവനായും രണ്ടാം ടേം അവസാനത്തെ പരീക്ഷകള്‍ക്ക് മുഴുവന്‍ രണ്ടാം ടേം സിലബസും ഉള്‍ക്കൊള്ളും.
ഡേ സ്‌കൂളുകള്‍, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഹോംസ്‌കൂള്‍, പാരലല്‍ ട്രാക്ക് എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം റൗണ്ട് പരീക്ഷകള്‍ക്കുള്ള നിലവിലുള്ള സംവിധാനം പ്രാബല്യത്തില്‍ തുടരും. അതിലൂടെ ആദ്യ റൗണ്ട് പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥിയെ സിലബസ് ഉള്‍ക്കൊള്ളുന്ന രണ്ടാം റൗണ്ടില്‍ ഉള്‍പ്പെടുത്തും. സര്‍ക്കുലറിലെ കാര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും വ്യക്തമാക്കാനും മൂല്യനിര്‍ണ്ണയ കാര്യ വിഭാഗം എല്ലാ സ്‌കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
dsaedu.gov.qa എന്ന ഇമെയില്‍ വഴി വിദ്യാര്‍ത്ഥി മൂല്യനിര്‍ണ്ണയ വകുപ്പുമായി സ്‌കൂളുകള്‍ക്ക് ആശയവിനിമയം നടത്താനാകും. രാജ്യത്തെ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍ ഉയര്‍ത്തുന്നതിനും പൊതുതാല്‍പ്പര്യം കണക്കിലെടുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെയും പരിപാടികളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായാണ് പുതിയ സര്‍ക്കുലര്‍. ഈ സര്‍ക്കുലറിലെ എല്ലാ വ്യവസ്ഥകളും 2024-2025 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മൂല്യനിര്‍ണ്ണയ കാര്യ വിഭാഗം അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
